ഇരിങ്ങാലക്കുട: യുവകലാസാഹിതി കെ.ഒ. വിന്‍സന്റ് മാസ്റ്റര്‍ ചിത്രകലാ പുരസ്കാരത്തിന് ആര്‍ട്ടിസ്റ്റ് മോഹന്‍ദാസ് അര്‍ഹനായി. കപീഷ്, മായാവി, ലുട്ടാപ്പി, ഡാകിനി, മാജിക് മാലു തുടങ്ങിയ കഥാപാത്രങ്ങളെ രചനകളിലൂടെ പരിചയപ്പെടുത്തിയ ഇരിങ്ങാലക്കുട സ്വദേശിയായ മോഹന്‍ദാസിന് നാളെ വൈകീട്ട് അഞ്ചിന് നഗരസഭ ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വി.എസ്. സുനില്‍കുമാര്‍ പുരസ്കാരം സമ്മാനിക്കും.
സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകന് ചരുവില്‍, സാഹിതി ജില്ലാ സെക്രട്ടറി സോമന് താമരക്കുളം എന്നിവർ പങ്കെടുക്കും. ഉച്ചയ്ക്ക് രണ്ടു മുതല്‍ ചിത്രങ്ങളുടെ പ്രദര്‍ശനം, 12 വയസിന് താഴെയുള്ള വിദ്യാര്‍ഥികളുടെ ഫാൻസിഡ്രസ് മത്സരം, 6.30ന് കുചേലവൃത്തം കഥകളി അരങ്ങേറ്റം എന്നിവയും നടക്കും. പത്രസമ്മേളനത്തിൽ പ്രസിഡന്റ് രാജേഷ് തമ്പാന്, സെക്രട്ടറി വി.പി. അജിത്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.